പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോൺക്രീറ്റ് തറ താഴ്ന്നുപോയ സംഭവത്തിൽ വിശദീകരണവുമായി ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ. ഹെലിപ്പാടിന്റെ ഉറപ്പിന്റെ കാര്യത്തിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല.
എച്ച് മാർക്കിനേക്കാൾ പിന്നിലാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. പുതിയ കോൺക്രീറ്റ് ആയതിനാൽ അര ഇഞ്ചിന്റെ താഴ്ചയുണ്ടായി. സുരക്ഷാ പ്രശ്നമുണ്ടായിരുന്നുവെങ്കിൽ ഇവിടെ നിന്ന് തന്നെ ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്യില്ലായിരുന്നുവെന്നും കളക്ടര്‍ വ്യക്തമാക്കി.
രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി ആദ്യം നിശ്ചയിച്ചിരുന്നത് നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറക്കാനായിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥ പരിഗണിച്ച് അവസാന നിമിഷം ലാൻഡിംഗ് സ്ഥലം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.
ഇതോടെ രാവിലെയാണ് പ്രമാടത്ത് കോൺക്രീറ്റ് ചെയ്ത് ഹെലിപാഡ് ഒരുക്കിയത്. ഈ കോൺക്രീറ്റ് ഉറയ്ക്കുന്നതിന് മുൻപേ ഹെലികോപ്റ്റർ ഇറങ്ങിയതാണ് തറ താഴാൻ കാരണമെന്നും കളക്ടർ പറഞ്ഞു.